കായികാധ്വാനം വേണ്ടയിടങ്ങളെ കൂടാതെ മനുഷ്യബുദ്ധി കൂടി വേണ്ടയിടങ്ങളും ഇപ്പോള്‍ യന്ത്രങ്ങള്‍ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. മറ്റെല്ലായിടങ്ങളേയും പോലെ മാധ്യമരംഗത്തും റോബോട്ടുകള്‍ കടന്നുവന്നുകഴിഞ്ഞു. ഇപ്പോഴിതാ മനുഷ്യര്‍ മാത്രം ഉണ്ടായയിരുന്ന വാര്‍ത്താ അവതരണ ജോലിയും സാങ്കേതിക വിദ്യ ഏറ്റെടുത്തിരിക്കുന്നു.
നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാര്‍ത്താ അവതരണം എന്ന ആശയം അവതരിപ്പിക്കപ്പെട്ടത് ചൈനയില്‍ നടന്ന അഞ്ചാമത് വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിലാണ്. ചൈനയിലെ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയും ചൈനീസ് സെര്‍ച്ച് എഞ്ചിന് കമ്പനി സോഗുവും ചേര്‍ന്ന് ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും വാര്‍ത്ത അവതരിപ്പിക്കാന്‍ കഴിവുള്ള നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വാര്‍ത്താ അവതാരകരെയാണ് അവതരിപ്പിച്ചത്.
ഈ സംവിധാനം ദൈനം ദിന ടിവി ന്യൂസ് റിപ്പോര്‍ട്ട് അവതരണത്തിലെ ചിലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം ദിവസം 24 മണിക്കൂറും ഇടവേളയില്ലാതെ പ്രവര്‍ത്തിക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്കാവും. ബ്രേക്കിങ് വാര്‍ത്തകള്‍ പെട്ടെന്ന് തയ്യാറാക്കാനും അവതരിപ്പിക്കാനും ഇതിന് കഴിവുണ്ട്.
നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമാക്കിയത് മനുഷ്യ അവതാരകരുടെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ചാണ്. അതായത് ടെലിവിഷനില്‍ കാണുക മനുഷ്യ അവതാരകരുടെ രൂപവും ശബ്ദവുമാണെങ്കിലും അത് നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. കണ്ടാല്‍ മനുഷ്യ അവതാരകര്‍ തന്നെയാണെന്ന് തോന്നും.
യഥാര്‍ത്ഥ വാര്‍ത്താ അവതാരകരെ പോലെ ചുണ്ടുകളനക്കാനും ഭാവങ്ങള്‍ പ്രകടിപ്പിക്കാനും മെഷീന് ലേണിങ് സംവിധാനം ഉപയോഗിച്ച് ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ പ്രായോഗികതലത്തിലുള്ള മറ്റൊരു സാധ്യതയാണ് ഇത്.