സോഷ്യല്‍ മീഡിയ രംഗത്ത് സുരക്ഷാ വെല്ലുവിളി ഉയര്‍ത്തിയ സംഭവമായിരുന്നു ഫേസ്ബുക്കില്‍ നിന്നും കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഐഡി തെഫ്റ്റ് സംരക്ഷണം നല്കാന് കമ്പനി തയ്യാറാവുന്നില്ല എന്നതാണ് പുതിയ വിവരം. മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുന്നതും മറ്റാവശ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും തടയാന്‍ കഴിയില്ലെന്നാണ് ഫേസ്ബുക്കിന്റെ നിലപാട്.
ശേഖരിച്ച വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് പലതും സാധ്യമാണ്. വിവരങ്ങള്‍ പരിശോധിച്ച് ആളുകളുടെ താല്പര്യങ്ങളും മറ്റും കണക്ക് കൂട്ടി ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കെതിരെ വിവിധ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ ഈ വിവരങ്ങള്‍ കൊണ്ട് സാധിക്കും. മുമ്പ് സൂചിപ്പിച്ച പോലെ 1.4 കോടി ഉപയോക്താക്കളെയാണ് ഹാക്കിങ് സാരമായി ബാധിച്ചിട്ടുള്ളത്.
ഫേസ്ബുക്ക് നല്കുന്ന വിവരമനുസരിച്ച് ഇവരുടെ യൂസര്‍നെയിം, ലിംഗഭേദം, ഭാഷ, വൈവാഹിക അവസ്ഥ, മതം, സ്വദേശം, നിലവില്‍ താമസിക്കുന്ന സ്ഥലം, ജനന തീയ്യതി, ഫേസ്ബുക്കില്‍ കയറാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ഏതെല്ലാം, വിദ്യാഭ്യാസം, ജോലി, വെബ്സൈറ്റ്, നിങ്ങള്‍ പോവുകയോ ടാഗ് ചെയ്യപ്പെടുകയോ ചെയ്തിട്ടുള്ള പത്തോളം സ്ഥലങ്ങള്‍, അവര്‍ ഫോളോ ചെയ്യുന്ന ആളുകള്‍, പേജുകള്‍, ഫേസ്ബുക്കില്‍ തെരഞ്ഞ ഏറ്റവും പുതിയ 15 കാര്യങ്ങള്‍ ഇവയെല്ലാം ഹാക്കറുടെ കൈകളിലെത്തിയിട്ടുണ്ട്.
എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാനും തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്റെ നിലപാട്.