ഉപയോക്താക്കള്‍ക്കായി രണ്ടു പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ പുതുക്കി ബിഎസ്എന്‍എല്‍. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ബിഎസ്എന്‍എല്‍ പുറത്തിറക്കിയ 9, 29 രൂപയുടെ രണ്ടു പ്ലാനുകളാണ് പുതുക്കിയത്. പുതുക്കിയ പ്ലാനില്‍ ഡാറ്റയില്‍ മാത്രമാണ് വ്യത്യാസം ഉള്ളത്.
പഴയ പ്ലാനുകള്‍ വഴി സൗജന്യ ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസ്സുകളും ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ഒന്‍പതു രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡാറ്റ, 100 എസ്എംഎസ്സ് എന്നിവയായിരുന്നു നേരത്തെ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. ഒരു ദിവസമായിരുന്നു കാലാവധി. ഇനി മുതല്‍ 9 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു ജിബി ഡാറ്റ മാത്രമായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
നേരത്തെ 29 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 14 ജിബി ഡാറ്റ ലഭിക്കുമായിരുന്നു. ഇപ്പോഴിത് ഒരു ജിബി ഡാറ്റ ആക്കി ചുരുക്കി. അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300 എസ്എംഎസ്സ്, സൗജന്യ ഹലോ ടൂണ്‍ എന്നിവയില്‍ മാറ്റമില്ല. ഏഴു ദിവസമാണ് പ്ലാനിന്റെ കാലാവധി. റിലയന്‍സ് ജിയോ 52 രൂപയ്ക്ക് ഏഴു ദിവസത്തെ കാലാവധിയില്‍ 150 എംബിയാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ജിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണ്.
എയര്‍ടെല്ലിന്റെ 59 രൂപയുടെ പ്ലാന്‍ പ്രകാരം ഏഴു ദിവസം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ്സ്, ഒരു ജിബി ഡാറ്റ എന്നിവ ലഭിക്കും. വോഡഫോണിന്റെ 47 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയില്‍ വെറും 500 എംബി ഡാറ്റയാണ് ലഭിക്കുക.