നമ്മളില്‍ എല്ലാവരും തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഫേസ്ബുക്ക് അംഗങ്ങളായി അഞ്ച് കോടിയാളുകളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുനത്. വെള്ളിയാഴ്ചയാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെ കുറിച്ച് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിന്റെ ഭാഗത്ത് സംബന്ധിച്ച വന്‍ സുരക്ഷാവീഴ്ച മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയെന്നാണ് വിവരം.
എന്നാല്‍ ഈ ഹാക്കിംഗ് ഉണ്ടാക്കുന്ന ദുരന്തം ഇപ്പോഴും എത്രത്തോളമായിരിക്കും എന്ന് കണക്കിലാക്കുവാന്‍ സാധിച്ചില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമായ പലരും ഗെയിം കളിക്കാനും, ആപ്പുകള്‍ ഉപയോഗിക്കാനും, പണമിടപാടിനും ഒക്കെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്തിട്ടുണ്ട് ഇവിടെയെല്ലാം ഇനി ഹാക്കര്‍ക്കും കൈവയ്ക്കാം.
ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന ‘ആക്സസ് ടോക്കന്‍’ സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ക്ക് തുണയായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകള്‍ ഫേസ്ബുക്ക് സുരക്ഷ വിഭാഗത്തിന്റെ ശ്രദ്ധയില്‍ എത്തിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
വെള്ളിയാഴ്ചയാണ് എന്താണ് സംഭവമെന്ന് വ്യക്തമായത്. ഉടനെതന്നെ ആക്സസ് ടോക്കനുകളെല്ലാം ഫെയ്സ്ബുക്ക് പിന്‍വലിക്കുകയായിരുന്നു. ഫേസ്ബുക്ക് ലോഗിന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തിട്ടുള്ള മറ്റ് സേവനങ്ങളിലേക്കും ആക്സസ് ടോക്കന്‍ മുഖേന ഹാക്കര്‍മാര്‍ക്ക് കടന്നുകയറാം.
ഇതില്‍ നിന്നുതന്നെ കാര്യം നിസാരം അല്ലെന്ന് മനസിലാക്കാം. ഫേസ്ബുക്കില്‍ സജീവമായ ഒരു വ്യക്തിയാണോ നിങ്ങള്‍. ഈ അടിയന്തര സാഹചര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്. കാര്യത്തിന്റെ ഗൌരവം അറിഞ്ഞ് ഫേസ്ബുക്കില്‍ എടുക്കാവുന്ന ചില മുന്‍കരുതലുകള്‍.
1. മുഴുവന്‍ സമയവും ഫേസ്ബുക്ക് ഒരു ഡിവൈസില്‍ തുറന്നിടുന്ന ശീലം ഒഴിവാക്കുക, പാസ് വേര്‍ഡ് ഓര്‍ത്ത് വച്ച് ഒരോ സെഷനിലും വീണ്ടും ലോഗിന്‍ ചെയ്ത് കയറുവാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
2. നിങ്ങള്‍ മൂന്നാമത് ഒരു ആപ്പിലേക്ക് ലോഗിന്‍ ചെയ്യാന്‍, അല്ലെങ്കില്‍ സേവനം എടുക്കുമ്പോള്‍ ഡിഫാള്‍ട്ടായി ഫേസ്ബുക്ക് ലോഗിന്‍ ഉപയോഗിക്കരുത്
3. നിങ്ങളുടെ അക്കൗണ്ട് ഏതൊക്കെ ഡിവൈസുകളില്‍ ലോഗിന്‍ ആണെന്ന് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഇതിനായി ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് സെറ്റിങ്സ് എടുക്കുക. അതില്‍ സെക്യൂരിറ്റി ആന്റ് ലോഗിന്‍ ടാബ് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ട് എന്ന് കാണാന്‍ സാധിക്കും. ഡെസ്ക് ടോപ്പ്, ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. പരിചിതമല്ലാത്ത ഉപകരണങ്ങളില്‍ നിന്നുമുള്ള സൈന്‍ ഇന്‍ ശ്രദ്ധയില്‍പെട്ടാല്‍ അതിന് നേരെ വലതുഭാഗത്ത് കാണുന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ലോഗ് ഔട്ട് ചെയ്യുക.
4. സെക്യൂരിറ്റി ആന്റ് ലോഗിന്‍ ഓപ്ഷന് തിരഞ്ഞെടുത്താല്‍ താഴെയായി സ്റ്റാര്‍ട്ട് ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന് എന്ന ഓപ്ഷന് കാണാന്‍ സാധിക്കും. അത് തിരഞ്ഞെടുത്ത്. ഗെറ്റ് സ്റ്റാര്‍ട്ടഡ് ക്ലിക്ക് ചെയ്യുക. രണ്ട് രീതിയിലുള്ള വെരിഫിക്കേഷനാണ് ലോഗിന്‍ ചെയ്യുമ്പോള്‍ ഉണ്ടാവുക.
പുതിയ ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേഡ് നല്‍കിയതിന് ശേഷം ഫോണില്‍ വരുന്ന വെരിഫിക്കേഷന് കോഡ് നല്‍കാം.
5. പാസ്വേര്ഡുകള് കൂടുതല്‍ ശക്തമാക്കി മാറ്റുക, ഉദഹാരണത്തിന് ABCD, 1234 തുടങ്ങിയ ലഘു പാസ്വേര്ഡുകള് ഉപയോഗിക്കാതിരിക്കുക.