ടെക് ലോകത്തെ ഞെട്ടിക്കാന്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍. കലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ ഐഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആര് എന്നീ മൂന്നു മോഡലുകളും ആപ്പിള്‍ വാച്ച് സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്.
5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീന്‍ വലുപ്പങ്ങളാണ് പുതിയ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാന്‍ ആദ്യമായി ഡ്യുവല്‍ സിം കൂടി ഫോണിനൊപ്പം ഉള്‍പ്പെടുത്തി. ഇന്ത്യയിലെയും ചൈനയിലെയും മാര്‍ക്കറ്റു കൂടി ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ ഈ നീക്കം.
ആപ്പിളിന്റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യയെ വെല്ലുന്ന മാറ്റങ്ങളാണ് പുതിയ ഫോണിലും ഒരുക്കിയിട്ടുള്ളത്. സുപ്പര്‍ റെറ്റിന ഒഎല്‍ഇഡി ഡിസ്പ്ലേയും 12 മെഗാപിക്സലിന്റെ ഇരട്ട പിന് ക്യാമറകളും നല്‍കിയിട്ടുണ്ട്. ഐഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ് ഫോണുകള്‍ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജില്‍ ലഭിക്കും.
12 എം.പി ഡ്യൂവല്‍ ക്യാമറ സെറ്റപ്പാണ് ഫോണുകള്‍ക്കുള്ളത്. പുതിയ സെന്‍സര്‍ ആണെന്നതിനൊപ്പം സ്മാര്‍ട്ട് എച്ച്ഡിആര്‍ എന്ന സംവിധാനവും ഐഫോണുകളിലുണ്ട്. ഒരു ക്യാമറക്കൊപ്പം ടെലിഫോട്ടോ ലെന്‍സും മറ്റൊന്നിന് വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഐ സൗകര്യവും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) ലഭ്യമാണ്.
ഗോള്‍ഡ് ഫിനിഷില്‍ തീര്‍ത്ത സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഫോണിന്റെ നിര്‍മ്മാണം. ഐപി68 വെള്ളത്തിനെയും, പൊടിയേയും പ്രതിരോധിക്കാവുന്ന സംവിധാനം ഉണ്ട്. ഡ്യൂവല്‍ സിം സൗകര്യമുണ്ട്. ആദ്യമായാണ് ആപ്പിള്‍ രണ്ട് സിം സ്ലോട്ടുകള്‍ കൊണ്ടുവരുന്നത്. ഇതില്‍ ഇ-സിം സ്ലോട്ടാണ് മറ്റൊരു പ്രത്യേകത. ഒപ്പം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം അപ്ഗ്രേഡും ചെയ്തിരിക്കുന്നു.
കൂടാതെ, ആപ്പിള്‍ വാച്ചിന്റെ നാലാമത് പതിപ്പും കമ്പനി പുറത്തിറക്കി. ഹെല്‍ത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷന് തുടങ്ങിയവ അറിയാനുള്ള അവസരവും വാച്ചില്‍ നല്കിയിരിക്കുന്നു. വാച്ചിന് 18 മണിക്കൂര്‍ ചാര്‍ജ് നിലനില്‍ക്കുമെന്നും കന്പനി അറിയിച്ചിട്ടുണ്ട്. ഹെല്‍ത്ത് ആപ്പുവഴി 30 സെക്കന്‍ഡിനുള്ളില്‍ ഇസിജി പരിശോധിക്കാന്‍ കഴിയുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. വാച്ച് ഉപയോഗിക്കുന്നവര്‍ അപകടത്തില്‍പ്പെട്ടാല്‍ ഉടന്‍തന്നെ എമര്‍ജന്‍സി കോണ്ടാക്ട് നമ്പരുകളിലേക്ക് കോളുകള്‍ പോകുന്നതും പ്രത്യേകതയാണ്.