കുവൈത്തില്‍ സ്വദേശിവല്‍ക്കരണ നടപടികളെ തുടര്‍ന്ന് സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 3140 വിദേശികളെ പിരിച്ചു വിട്ടു. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിവിധ മന്ത്രാലയങ്ങളില്‍ ജോലി ചെയുന്നവരെയാണ് ഒഴിവാക്കിയതെന്ന് സിവില്‍ സര്‍വീസ് കമ്മീഷന് വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലിയില്‍ ‘സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപിരിച്ചുവിടല്‍. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ അല്ലാത്ത മുഴുവന്‍ സര്ക്കാകര് വകുപ്പുകളില്‍ നിന്നും വിദേശികളെ പൂര്‍ണമായി ഒഴിവാക്കുകയും പകരം സ്വദേശികളെ നിയമിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം.
2017- 18 കാലയളവിലാണ് 3140 ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്നു സിവില്‍ സര്‍വീസ് കമ്മീഷ മേധാവി അഹമ്മദ് അല്‍ ജസാര്‍ പറഞ്ഞു. പിരിച്ചുവിട്ട 3140 പേര് അടക്കം 44572 വിദേശികളാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്നത്. 46 വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇതില്‍ 25948 പേരും അധ്യാപനം, പരിശീലനം എന്നീ മേഖലകളിലാണുള്ളത്.
6474 പേര് സേവന മേഖലയിലും 3537 പേര് നിയമവും ഇസ്ലാമിക കാര്യ വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നു. എന്‍ജിനീയറിങ് വിഭാഗത്തില്‍ 2876 പേരും സാമൂഹിക, വിദ്യാഭ്യാസ, കായിക മേഖലയില്‍ 1539 പേരും ജോലി ചെയ്യുന്നുണ്ട്. മീഡിയ, പബ്ലിക് റിലേഷന്‍സ് ഫോറന്‍സിക് കൃഷി, മൃഗക്ഷേമം ശാസ്ത്ര ഗവേഷണം തുടങ്ങിയ വിഭാഗങ്ങളിലും വിദേശികള്‍ തൊഴിലെടുക്കുന്നുണ്ട്