ദുബായ്: സ്വന്തം പെണ്മക്കളുടെ വിവാഹത്തില്‍ പോലും പങ്കെടുക്കാനാകാതെ അഞ്ചു വര്‍ഷം നരക ജീവിതം നയിച്ച കാസര്‍കോട് എരുതുംകടവ് സ്വദേശി മൊയ്തീന്(53) ഓടുവില്‍ പൊതുമാപ്പ് കിട്ടി മോചനം.ദെയ്റ നായിഫിലെ റസ്റ്ററന്റില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു മൊയ്തീന്. പൊതുമാപ്പ് വാങ്ങി നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കങ്ങളിലാണ് ഇദ്ദേഹം. അഞ്ച് വര്‍ഷം മുന്‍പ് ഒമാന്‍ വഴിയാണ് മൊയ്തീന് യുഎഇയിലെത്തിയത്. അതില്‍ പിന്നെ അനധികൃതമായി താമസിക്കുകയായിരുന്നു. ഇതിനിടെ മൂത്തമകളുടെ വിവാഹം കഴിഞ്ഞു.
പക്ഷേ, പിഴയും ശിക്ഷയും വലുതായിരിക്കുമെന്നറിയാവുന്നതിനാല് നാട്ടിലേയ്ക്ക് പോകാന്‍ ശ്രമിച്ചില്ല. മകളുടെ നിക്കാഹ് അകലെ നടക്കുമ്പോള്‍ മൊയ്തീന് തന്റെ വിധിയോര്‍ത്ത് സങ്കടപ്പെടാനേ സാധിച്ചുള്ളൂ. ഫോണിലൂടെയാണ് മകളെയും പുതുമണവാളനെയും അനുഗ്രഹിച്ചത്. ഇക്കഴിഞ്ഞ റമസാന്‍ ശേഷമായിരുന്നു രണ്ടാമത്തെ മകളുടെ വിവാഹം. നല്ലൊരു ആലോചന വന്നപ്പോള്‍ ഉറപ്പിച്ചുകൊള്ളാന് ഭാര്യയോടും ബന്ധുക്കളോടും പറയുകയായിരുന്നു. പക്ഷേ, മൊയ്തീന്റെ അസാന്നിധ്യത്തില്‍ നടത്താന്‍ ഭാര്യക്ക് വലിയ മടിയും സങ്കടവുമായിരുന്നു. എന്നാല്‍, അതു കാര്യമാക്കേണ്ട, കഴിവതും വരാന്‍ ശ്രമിക്കാം എന്ന് അവരെ സമാശ്വസിപ്പിച്ചു.
എന്തെങ്കിലും വഴിയുണ്ടോ എന്ന് പലരോടും അന്വേഷിച്ചു. നുഴഞ്ഞു കയറ്റക്കാരനായതിനാല് പിടികൊടുത്താല്‍ വലിയ ശിക്ഷയായിരിക്കുമെന്നും വന്‍ സംഖ്യ പിഴയൊടുക്കേണ്ടി വരുമെന്നും പലരും മുന്നറിയിപ്പ് നല്കിയതിനാല് ആ ആഗ്രഹവും അടക്കിവച്ചു. ഇനി എന്നാണ് നാട്ടിലേയ്ക്ക് മടങ്ങി ഭാര്യയേയും മക്കളേയും അവരുടെ ജീവിത പങ്കാളികളെയും കാണാന്‍ സാധിക്കുക എന്നോര്‍ത്ത് ദുഃഖിച്ചിരിക്കുമ്പോഴാണ് പൊതുമാപ്പ് പ്രഖ്യാപനമുണ്ടായത്.