ഷാര്‍ജ: ഭര്‍ത്താവിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധുവിന് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ യുവാവ് ഷാര്‍ജയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. തിങ്കളാഴ്ച ഉണ്ടായ അപകടത്തില്‍ ഹുയാം (25) എന്ന യുവതിയാണ് മരിച്ചത്.
ഭര്‍ത്താവ് മുഹമ്മദ് അബ്ദുല്ല അല്‍ ജലാഫിനൊപ്പം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ഗുരുതര പരുക്ക് പറ്റിയ ജലാഫ് അല്‍ ഖ്വാസമി ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.
വരനും വധുവും ഹണിമൂണ്‍ ആഘോഷിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഷാര്‍ജയില്‍ നിന്നും എമിറേറ്റ്സ് റോഡിലൂടെ തിരികെ വരുമ്പോള്‍ വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് ട്രാഫിക് നിയമം തെറ്റിച്ചു. പെട്ടെന്ന് പിന്നില്‍ നിന്നും ഒരു ട്രക്ക് വന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞുവെന്ന് ഷാര്‍ജ പോലീസ് അധികൃതര്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.
റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ മരണത്തിന്റെ ആഘാതത്തിലാണ് ദിബ്ബ അല്‍ ഫുജൈറയിലെ ആളുകള്‍. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകള്‍ യുവതിയ്ക്ക് അനുശോചനം അറിയിക്കാന്‍ എത്തി.