ദുബായ്: ഇത് തന്റെ രണ്ടാമത്തെ ഭാപഗ്യമാണെന്ന് അബുദാബി ടിക്കറ്റില്‍ കോടികള്‍ നേടിയ കുണ്ടറ സ്വദേശി സൈമണ്‍. ഇരുപത് കൊല്ലം മുന്‍പാണ് തന്നെ തേടി ഭാഗ്യം എത്തിയതെന്നും, ആ ഭാഗ്യം എന്റെ മക്കളാണെന്നും സൈമണ്‍ പറയുന്നു. കുട്ടികളുണ്ടാകില്ലെന്നു ഡോക്ടര്‍മാര്‍ വിധിച്ച സങ്കടത്തില്‍ കഴിയുന്നതിനിടെയാണ് സൈമണിന് ഇരട്ടക്കുട്ടികള്‍ പിറന്നത്.
ഏറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസം. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് ഭാര്യ സുമി (ജോസി) വേര്‍പിരിഞ്ഞത് തീരാവേദനയ്ക്ക് ഇടയാക്കി. ദുബായില്‍ അവധിയാഘോഷിക്കാന്‍ മൂന്നുമക്കള്‍ക്കൊപ്പം എത്തിയ ഭാര്യ പൊടുന്നനെ അസുഖബാധിതയാകുകയായിരുന്നു. കുണ്ടറയില്‍ റസ്റ്ററന്റ് നടത്തി പരാജിതനായത് ഉള്‍പ്പെടെ നഷ്ടങ്ങളുടെ കഥകള്‍ ഒട്ടേറെയുള്ള സൈമണ്‍ ഭാഗ്യം തേടി 13 വര്‍ഷം മുന്‍പാണു ദുബായില്‍ എത്തിയത്. രണ്ടുവര്‍ഷം മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം തുടങ്ങിയ ഫര്‍ണിച്ചര്‍ ബിസിനസ് പച്ചപിടിക്കുന്നതേ ഉള്ളൂ.
സാമ്പത്തികമായി ഞെരുങ്ങിയിരിക്കുന്ന സമയത്തു തന്നെ കോടികള്‍ സമ്മാനം ലഭിച്ചതിനു ദൈവത്തിനു നന്ദി പറയുകയാണ് അദ്ദേഹം. വിജയി ആണെന്നറിയിച്ചു ഫോണ്‍ വന്നപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. ബിസിനസ് വിപുലപ്പെടുത്തുകയാണു ലക്ഷ്യമെന്നും ദുരിതത്തിലാണെന്ന് ഉറപ്പുള്ള, അറിവിലുള്ള രണ്ടുപേരെ സഹായിക്കുമെന്നും സൈമണ്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി വാങ്ങിയ 41614 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 18 കോടി 75 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. ഇരട്ടകളായ മക്കള്‍ അബിയും എബിയും ദുബായില്‍ത്തന്നെ ഫാബ് ലാബിലാണ് ജോലി ചെയ്യുന്നത്. ഇളയ മകന് ആല്‍ബി ചെങ്ങനാശ്ശേരി ഗുഡ് ഷെപ്പേഡ് സ്കൂളില്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി.