അബുദാബി: റൈഡില്‍ നിന്ന് നിലത്തു വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ അബുദാബിയിലെ അമ്യൂസ്മെന്റ് പാര്ക്കിന് 80,000 ദിര്‍ഹം (15 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. പാര്‍ക്കിലെ നാല് ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ചു. നഷ്ടപരിഹാരം തേടി സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. അമ്യൂസ്മെന്റ് പാര്‍ക്കിലെ ഒരു റൈഡില്‍ കളിക്കുന്നതിനിടെ ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടി താഴേയ്ക്ക് വീഴുകയായിരുന്നു.
ആറ് മീറ്ററോളം ഉയരത്തില്‍ നിന്നാണ് കുട്ടി വീണത്. വീഴ്ചയില്‍ കുട്ടിക്ക് കൈകള്‍ക്കും കാലുകള്‍ക്കുമാണ് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണവും നടത്തി. ജീവനക്കാരുടെ അശ്രദ്ധയാണ് കുട്ടി വീഴാന്‍ ഇടയാക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സുരക്ഷാ ബെല്‍റ്റ് ധരിക്കാതെയാണ് കുട്ടികളെ റൈഡില്‍ ഇരുത്തിയിരുന്നത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
ഇതോടെയാണ് ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചത്. കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതിയാണ് പാര്ക്കിന് 80,000 ദിര്‍ഹം പിഴയും ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ചത്. അപകടത്തെ തുടര്‍ന്ന് കുട്ടിക്കുണ്ടായ ശാരീരിക മാനസിക ആഘാതത്തിന് നഷ്ടപരിഹാരം തേടി കോടതിയില്‍ സിവില്‍ ഹര്‍ജി ഫയല്‍ ചെയ്യാനും രക്ഷിതാക്കളോട് ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.