അല്‍ കോബാര്‍: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിനിരയായി സൗദിയില്‍ ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി ജിനു രാജു. ജിനുവിന്റെ കൈവശമുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ നമ്പര്‍ മറ്റാരോ ഉപയോഗിക്കുകയും 9692 റിയാല്‍ നഷ്ടപ്പെടുകയും ചെയ്തു. ഏകദേശം ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം ഇന്ത്യന്‍ രൂപയാണ് ജിനുവിന് നഷ്ടമായത്.
പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായ ഉടനെ ബാങ്കില്‍ വിളിച്ചു തന്റെ കാര്‍ഡ് ജിനു ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ബാങ്കില്‍ എത്തി പരാതി നല്‍കിയതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ തന്റെ കാര്‍ഡ് ഉപയോഗിച്ച് ആരോ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഓണ്‍ലൈനായി നാല് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് വ്യക്തമായി.
ജിനുവിന്റെ പരാതിയില്‍ ബഹ്റൈനിലെ ഗള്‍ഫ് എയറിന്റെ പ്രധാന ഓഫീസ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു പണം തിരിച്ചു നല്‍കിയെങ്കിലും ടിക്കറ്റ് എടുത്തവരുടെയോ യാത്രക്കാരുടെയോ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഗള്‍ഫ് എയര്‍ തയ്യാറായില്ല. എന്തായാലും നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് ജിനു.