ദുബായ്: ശമ്പളമൊന്നും കിട്ടാതെ മാസങ്ങളായി ദുബായിയില്‍ കുടുങ്ങിയ മലയാളി യുവാവിന് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ എത്തി. ഒരു വര്‍ഷം മുമ്പാണ് ദുബായിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍ അസോസിയേറ്റായി രാജേഷ് ജോലിയില്‍ പ്രവേശിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാപനത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ സ്ഥാപനം മറ്റൊരു വ്യവസായിക്ക് വിറ്റു.
ഇതോടെ മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാതെ വന്നു. ശമ്പള കുടിശിക നല്‍കാനാവില്ലെന്ന നിലപാടായിരുന്നു പുതിയ ഉടമ സ്വീകരിച്ചത്. താമസ സ്ഥലത്ത് ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ ദുരിതത്തിലായിരുന്ന രാജേഷ് ട്വിറ്ററിലൂടെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനെ അറിയിച്ചതോടെയാണ് അടിയന്തര ഇടപെടലുണ്ടായത്.
മാസങ്ങള്‍ നീണ്ട അനിശ്ചിതാവസ്ഥക്ക് ശേഷം രാജേഷും ഒപ്പം ജോലി ചെയ്തിരുന്ന ഏതാനും പേരും ചേര്‍ന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ പരാതി നല്കി. ജീവനക്കാര്‍ക്ക് അനുകൂലമായ വിധിയായിരുന്നു മന്ത്രാലയത്തില്‍ നിന്നുണ്ടായത്. രാജേഷിന് 14,000 ദിര്‍ഹം നല്‍കാനും തൊഴിലുടമയോട് നിര്‍ദേശിച്ചു. എന്നാല്‍ ഈ വിധിയും അംഗീകരിക്കാന്‍ തൊഴിലുടമ തയ്യാറായില്ല.
സുമനസുകള്‍ നല്കുന്ന ഭക്ഷണത്തെ ആശ്രയിച്ച് കുടിശികയുള്ള ശമ്പളം കിട്ടുന്നതും കാത്ത് ആറ് മാസമായി ദുബായില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ഇതിനിടെയാണ് ട്വിറ്ററിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് പരാതി നല്‍കിയത്.
കമന്റ് ശ്രദ്ധയില്‍പെട്ട വിദേശകാര്യ സഹമന്ത്രി യുഎഇയിലെ എംബസിയോട് ഉടന്‍തന്നെ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് രാജേഷിന് ഫോണ്‍കോള്‍ ലഭിച്ചു. പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. തന്നെ നാട്ടിലെത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതനുസരിച്ച് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ വിമാന ടിക്കറ്റ് ശരിയാക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.