കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള പ്രവേശന വിലക്കിന് കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക കുവൈറ്റ് ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 21 രോഗങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
പ്രമേഹം, വൃക്ക രോഗങ്ങള്‍, രക്തസമ്മര്‍ദ്ദത്തിലെ പ്രശ്നങ്ങള്‍, കാഴ്ചക്കുറവ്, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, മലേറിയ, അര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ക്ഷയം എന്നിങ്ങനെയുള്ള 21 രോഗങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്റെ പട്ടികയിലുള്ളത്.
വിവിധ രാജ്യങ്ങളില്‍ നിന്നും എത്തി നിലവില്‍ കുവൈറ്റില്‍ താമസമാക്കിയ എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി,സി, ക്ഷയം എന്നീ അസുഖങ്ങള്‍ ബാധിച്ചവരെ കുവൈറ്റില്‍ നിന്നും തിരികെ അയക്കും. ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കുവൈറ്റില്‍ എത്തിയതിന് ശേഷമാണ് അസുഖം തിരിച്ചറിയുന്നത് എങ്കില്‍ ഇവരെ ഇഖാമ നല്കി നാട്ടിലേക്ക് തിരിച്ചയക്കും.
തൊഴില്‍ വിസയില്‍ എത്തുന്ന ഗര്‍ഭിണികള്‍ക്കും കുവൈറ്റിലേക്ക് പ്രവേശന വിലക്കുണ്ട്. എന്നാല്‍ ആശ്രിത വിസയില്‍ കുവൈറ്റിലേക്ക് വരുന്ന ഗര്‍ഭിണികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.