ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ക്ക് അബുദാബിയില്‍ എണ്ണപര്യവേഷണത്തിന് അനുമതി നല്കി. ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് എന്നിവയുടെ കണ്‍സോര്‍ഷ്യത്തിനാണ് അബുദാബി ഓണ്‍ഷോര്‍ ബ്ലോക്ക് ഒന്നില്‍ പര്യവേക്ഷണം നടത്താന്‍ അനുമതി ലഭിച്ചത്.
അതേസമയം, എണ്ണ പരിവേഷണം സംബന്ധിച്ച ധാരണയില്‍ കണ്‍സോര്‍ഷ്യവും അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയും ഒപ്പുവെച്ചു. കരാറിന് അബുദാബി സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗീകാരം നല്‍കുകയും ചെയ്തു. 62.6 കോടി ദിര്‍ഹമാണ് കണ്‍സോര്‍ഷ്യം പദ്ധതിയില്‍ നിക്ഷേപിക്കുന്നത്.
പര്യവേക്ഷണം വിജയകരമായാല്‍ ഉല്പാദനത്തിനുള്ള അനുമതി ഇവര്‍ക്ക് ലഭിക്കും. ഉല്പാദന ഘട്ടത്തില്‍ 60 ശതമാനം ഓഹരി അഡ്നോകിനായിരിക്കും. 35 വര്‍ഷത്തിനാണ് കരാര്‍.
കരാറില്‍ യുഎഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് ആല് ജാബിര്‍, ഭാരത് പെട്രോളിയം കോര്പറേഷന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ദുരൈസ്വാമി രാജ്കുമാര്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ചെയര്മാന് സഞ്ജീവ് സിങ് എന്നിവരാണ് ഒപ്പുവെച്ചത്.