കുവൈറ്റ് സിറ്റി: ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങള്‍ വില്ക്കുന്നവരെ പിടികൂടാന്‍ കുവൈറ്റ് ഒരുങ്ങുന്നു. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്കു കനത്ത പിഴ ഏര്‍പ്പെടുത്താനുള്ള കരട് നിര്‍ദേശത്തിനു കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു.
നിലവില്‍ ഇത്തരം കേസുകളില്‍ പിഴ വിധിക്കാനുള്ള അധികാരം മുനിസിപ്പാലിറ്റിക്കാണ്. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കനത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതിനായി ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അതോറിറ്റിയുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നുമുള്ള നിര്‍ദേശമാണ് പാര്‍ലമെന്റ് ഇപ്പോള്‍ അംഗീകരിച്ചത്.
ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാര സാധനങ്ങള്‍ പിടികൂടിയാല്‍ വ്യാപാരികള്‍ക്ക് മൂവായിരം മുതല്‍ പതിനായിരം വരെ ദീനാറും വിതരണക്കാര്‍ക്ക് അമ്പതിനായിരം ദീനാറും പിഴ ചുമത്തണമെന്നും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ നല്‍കണമെന്നു കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ ഇറക്കുമതി ഉല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി എല്ലാ അതിര്‍ത്തികളിലും ലാബുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.