റിയാദ്; പ്രവാസികള്‍ക്ക് തിരിച്ചടിയായി സ്വദേശിവത്കരണം. സൗദിയിലെ ഫാര്‍മസികളിലും സ്വദേശിവത്കരണം വര്‍ധിപ്പിക്കുന്നു. ഫാര്‍മസിസ്റ്റുകളില്‍ ഇരുപത് ശതമാനം സ്വദേശികള്‍ ആയിരിക്കണം എന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഫാര്‍മസികളില്‍ സ്വദേശികളായ ഫാര്‍മസിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഈ തീരുമാനം.
വിദേശികളായ അഞ്ചില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് ഇരുപത് ശതമാനം ഫാര്‍മസിസ്റ്റുകള്‍ സൗദികള്‍ ആയിരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.
ഈ മേഖലയില്‍ ജോലി ചെയ്യാന്‍ അര്‍ഹരായ സ്വദേശികളുടെ എണ്ണം വര്‍ധിക്കുകയും പലര്‍ക്കും ജോലി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതിനു പുറമേ ഫാര്‍മസികളിലെ മറ്റു തസ്തികകള്‍, മെഡിക്കല്‍ റെപ്രസന്റേറ്റീവ്, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലെയും ഫാക്ടറികളിലെയും ജോലികള്‍ തുടങ്ങിയവയിലും പരമാവധി സൗദികള്‍ക്ക് ജോലി കണ്ടെത്തും. മതിയായ യോഗ്യതയുള്ള സ്വദേശികള്‍ക്ക് ഈ തസ്തികകളില്‍ ജോലി നല്കാന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.