പത്തനംതിട്ട: സൗദിയില്‍ വെച്ച് അന്തരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശവനിതയുടെ മൃതദേഹമെന്ന് പരാതി. സൗദിയില്‍ അന്തരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹത്തിന് പകരമയാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചത്.
സൗയിലെ അബേയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. സങ്കീര്‍ണമായ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന റഫീഖിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ ബന്ധുകള്‍ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു.
സംസ്കാര ചടങ്ങുകള്‍ക്കായി ഇന്ന് ശവപ്പെട്ടി തുറന്നു നോക്കിയപ്പോള്‍ ആണ് മൃതദേഹം മാറിയ വിവരം ബന്ധുകള്‍ക്ക് മനസിലാവുന്നത്. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ചു.
ഈ മൃതശരീരം തിരിച്ച് സൗദിയിലേക്ക് കൊണ്ടു പോയി റഫീഖിന്റെ മൃതദേഹം തിരികെ എത്തിക്കണമെങ്കില്‍ ഇനി സര്‍ക്കാര്‍ ഇടപെടലുണ്ടാവാണം എന്നാണ് റഫീഖിന്റെ കുടുംബവും പോലീസും പറയുന്നത്. അതേസമയം, ആശുപത്രിയില്‍ വച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെ മാറിപോയതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.