ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ സാരമായ പരുക്കേറ്റ മലയാളി യുവതിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി വിധി. കോഴിക്കോട് താഴെ കാഞ്ഞരോളി സ്വദേശി ഷംസീറിന്റെ ഭാര്യ രഹ്നാ ജാസ്മിനാണ് തുക ലഭിക്കുക.
2015 ഓഗസ്റ്റ് 24ന് രാത്രി എട്ടരയോടെ ദുബായ് മറീനാ മാളിനടുത്തായിരുന്നു കേസിനാസ്പദമായ വാഹനാപകടം. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ആശുപത്രിയിലേയ്ക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
രഹ്നയും സുഹൃത്തിന്റെ ഭാര്യയും കുട്ടിയും പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. അപകടത്തില്‍ കാറോടിച്ചിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള കുട്ടിയും മരിക്കുകയും രഹ്നയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും സാരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
24 ദിവസം ദുബായ് റാഷിദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ ശസ്ത്രക്രിയക്കും വിധേയമായി. പിന്നീട് നാട്ടിലേയ്ക്ക് മടങ്ങി.
തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരത്തിന് ദുബായിലെ അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്സിലെ സീനിയന്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന് കരുനാഗപ്പള്ളി മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ ദുബായ് കോടതി ഏഴ് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധിക്കുകയായിരുന്നു. ഈ തുക മതിയായ നഷ്ടപരിഹാരമല്ലാത്തതിനാല് അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് അഡ്വ.ഷംസുദ്ദീന് കരുനാഗപ്പള്ളി പറഞ്ഞു.