അബുദാബി: വിശ്വമാനവികതയുടെ സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഈയില്‍. രാജകീയ സ്വീകരണമാണ് യുഎഈ ലോകം മാര്‍പാപ്പയ്ക്ക് നല്‍കിയത്. ഞായറാഴ്ച രാത്രി യുഎഇ സമയം 9:50-നാണ് മാര്‍പാപ്പ അബുദാബിയില്‍ എത്തിയത്.
പ്രമുഖ രാജകുടുംബാംഗങ്ങള്‍ എല്ലാം അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പാപ്പയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മുന്നോടിയായി ഞായറാഴ്ച അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ വിശ്വ മാനവ സാഹോദര്യ സമ്മേളനവും ആരംഭിച്ചു.
അബുദാബി കിരീടാവകാശിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ യുഎഇയില്‍ എത്തിയിരിക്കുന്നത്. വിശ്വമാനവികതയും സാഹോദര്യവും ലോകത്തിന് പങ്ക് വെക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.
എന്നാല്‍ ചൊവ്വാഴ്ചയാണ് മാര്‍പാപ്പയുടെ പ്രധാന പരിപാടി. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധകുര്‍ബാനയിലും ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് പങ്കെടുക്കുക. യുഎഇയിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരും പരിപാടിയില്‍ പങ്കെടുക്കും.