ഷാര്‍ജ: ആത്മഹത്യാ പ്രവണത യുഎഇയില്‍ പ്രവാസികള്‍ക്കിടയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 26 ആണ് കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം. എന്നാല്‍ ആത്മഹത്യ ചെയ്തത് 51 പേരാണ്. സ്വാഭാവിക മരണത്തെക്കാള്‍ ആത്മഹത്യ വര്‍ധിച്ചത് രണ്ടുവര്‍ഷത്തിനിടെയാണ്. ഇതില്‍ ഏറ്റവും ശ്രദ്ദേയമായ കാര്യം ആത്മഹത്യചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം എടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണെന്നതാണ്. യുഎഇയിലെ സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നത് സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്നാണ്.
ആത്മഹത്യാ വഴി പ്രവാസികളില്‍ 30 വയസ്സിനു താഴെ പ്രായമുള്ളരും തെരഞ്ഞെടുക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരി പറഞ്ഞു. ക്രഡിറ്റ് കാര്‍ഡില്‍ നിന്നെടുത്ത പണവും ബാങ്ക് ലോണ്‍ അടക്കമുള്ള സാമ്പത്തികബാധ്യതയും വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട് എന്നാണ് സൂചന.
ഷാര്‍ജ അല്‍ നഹ്ദയിലെ വാസസ്ഥലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 20 വയസ്സുകാരിയായ ഇന്ത്യക്കാരിയെ ഷാര്‍ജ പോലീസ് രക്ഷപ്പെടുത്തിയത് അടുത്തിടെയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സ്വന്തം ഫോട്ടോയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളില്‍ മനംനൊന്താണെന്ന് യുവതി പിന്നീട് പറഞ്ഞു. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും മരിക്കാനിടയാകുന്ന സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സാമൂഹികപ്രവര്‍ത്തകനായ നാസര്‍ നന്തി വ്യക്തമാക്കി.
ബാങ്ക് ലോണുകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാന്‍ സാധിക്കാതെ പലിശയും പിഴപ്പലിശയും വര്‍ധിക്കുമ്പോള്‍ ജീവിതം അനിശ്ചിതത്വത്തിലാവുകയും ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയുമാണെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. യുഎഇയിലെ ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കുടുബ പ്രശ്നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും മറ്റൊരു കാരണമാകുന്നുണ്ടെന്നും സാമൂഹികപ്രവര്‍ത്തകര്‍ പറഞ്ഞു. മനുഷ്യരെ കുടുക്കുന്ന വിവിധതരം ഓണ്‍ലൈന്‍ ഗെയിമുകളില്‍ പെട്ടും വിദ്യാര്‍ഥികള്‍ ജീവിതം അവസാനിപ്പിക്കുന്നുണ്ടെന്ന് സൈക്കോളജിസ്റ്റ് സൂസന് കോരൂത്ത് പറഞ്ഞു.