കുവൈറ്റ് സിറ്റി: രണ്ടു വര്‍ഷക്കാലത്തെ ദുരിത ജീവിതത്തിനാണ് അറുതിയായി കുവൈറ്റില്‍ നിയമനം ലഭിക്കാതിരുന്ന 79 ഇന്ത്യന്‍ നഴ്സുമാരില്‍ 73 പേര് അടുത്തയാഴ്ച ജോലിയില്‍ പ്രവേശിക്കും. ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് കുവൈത്തില്‍ എത്തിയ ശേഷം നിയമനം ലഭിക്കാതിരുന്ന നഴ്സുമാരാണ് ജോലിയില്‍ പ്രവേശിക്കുക.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കുക. 2015ല്‍ വിവാദത്തിലായ നഴ്സ് റിക്രൂട്ട്മെന്റില്‍ റിക്രൂട്ട് ചെയ്യപ്പെട്ട നഴ്സുമാരാണ് കുവൈറ്റില്‍ എത്തിയിട്ടും നിയമനം കിട്ടാതെ രണ്ടു വര്‍ഷത്തോളം ദുരിതജീവിതം നയിച്ചത്.
റിക്രൂട്ട്മെന്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും, ബജറ്റില്‍ തുക വകയിരുത്താത്തതിന്റെയും ഭാഗമായി ഇവരുടെ നിയമനം സിവില്‍ സര്‍വിസ് കമീഷന് റദ്ദ് ചെയ്യുകയായിരുന്നു. 80 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ മാസം നടത്തിയ കുവൈത്ത് സന്ദര്‍ശനത്തില്‍ നഴ്സുമാരുടെ വിഷയം പ്രധാന അജണ്ടയായിരുന്നു