മനാമ; ബഹ്റൈനില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളം ഇനി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക്. തൊഴിലുടമകള്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ശമ്പളം മാറ്റണമെന്ന വ്യവസ്ഥ നടപ്പിലാക്കാനുള്ള മുന്നൊരുക്കങ്ങള്‍ സജീവമായിരിക്കുകയാണ്. ഏപ്രില്‍ മാസം മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് കീഴിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പദ്ധതി കഴിഞ്ഞ വര്‍ഷം മുതലേ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ബാങ്കുകള്‍ക്ക് വേണ്ടത്ര തയ്യാറെടുപ്പുകള്‍ ആവശ്യമുള്ളതിനാല്‍ ഇത് നീട്ടിവെയ്ക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നിലവില്‍ വരിക. ഇതോടെ തൊഴിലാളികള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത സംഭവങ്ങള്‍ കുറയും.
തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നതിലെ കൃത്യത ഉറപ്പ് വരുത്തുവാനും ഈ രംഗത്ത് ചൂഷണമൊഴിവാക്കുവാനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഡബ്ല്യുപിഎസ് എന്ന പേരിലുള്ള ശമ്പള നിരീക്ഷണസംവിധാനം നടപ്പിലാകുന്നതോടെ രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്കായുള്ള ശമ്പളം മാസാവസാനം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റേണ്ടി വരും.