കുവൈറ്റ്: കുവൈറ്റില്‍ ഏര്‍പ്പെടുത്തിയ ഗാതാഗത പരിഷ്കരണങ്ങള്‍ ഫലം കണ്ടതായി വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം റോഡപകട മരണങ്ങളില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ വിജയിച്ചതായി ഗതാഗത വകുപ്പ് വിലയിരുത്തുന്നു.
ഗാതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചതും പരിശോധന കര്‍ശനമാക്കിയതും അപകടമരണ നിരക്ക് കുറച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2018 ല്‍ റോഡപകടങ്ങളില്‍ 401 പേരാണ് മരണപ്പെട്ടത് എന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുറത്തു വിട്ട കണക്കില്‍ പറയുന്നു. മുമ്പെത്തെ വര്‍ഷത്തേക്കാള്‍ മരണനിരക്ക് കുറവാണ്. 2016 ല്‍429 പേരും 2017 ല്‍ 424 പേരുമാണ് റോഡപകടങ്ങളില്‍ മരണപ്പെട്ടത്. ഗതാഗത നിയമങ്ങളില്‍ കൊണ്ടുവന്ന പരിഷ്കരണങ്ങളാണ് മരണസംഖ്യ കുറയ്ക്കാന്‍ സഹായിച്ചതെന്ന് വിലയിരുത്തുന്നു.
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചതും വാഹന പരിശോധന കര്‍ശനമാക്കിയതും വലിയ അപകടങ്ങളും അതുവഴിയുള്ള മരണങ്ങളും കുറയാന്‍ കാരണമായിട്ടുണ്ട്. കൂടാതെ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കിയതും വലിയ ഒരളവ് വരെ മരണസാധ്യത കുറച്ചു. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാര്‍ പിഴയില്‍നിന്ന് 100 ദീനാറായി ഉയര്‍ത്തിയതും നിയമംലംഘിക്കുന്ന വാഹനങ്ങള്‍ രണ്ട് മാസത്തേക്കും ഡ്രൈവറെ 48 മണിക്കൂര്‍ നേരത്തേക്കും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.