മനാമ: ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങള്‍ തുടങ്ങി. ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് മൂല്യവര്‍ധിത നുകുതി-വാറ്റ് നടപ്പില്‍ വരുന്നത്. ഇതിന്റെ ഭാഗമായി നിരവധി കമ്പനികളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചു. കൂടാതെ ആയിരത്തിലധികം കമ്പനികളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
സൂപ്പര്‍ മാര്‍ക്കറ്റുകളടക്കമുള്ള രാജ്യത്തെ 668 സ്ഥാപനങ്ങള്‍ നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചതായും ധനകാര്യ മന്ത്രാലയം അധിക്യതര്‍ വ്യക്തമാക്കി. രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ക്ക് സ്ഥാപനങ്ങളെ സഹായിക്കാനായി ആരംഭിച്ച മന്ത്രാലയത്തിന്റെ കാള്‍ സെന്റര്‍ ഇതിനായി സജീവമായെന്നും ഇതിനകം ആയിരത്തഞ്ഞൂറ് ടെലിഫോണ്‍ അന്വേഷണങ്ങളൊടും അയ്യായിരത്തിലധികം ഇ-മെയില്‍ സന്ദേശങ്ങളോടും പ്രതികരിച്ചതായി അധിക്യതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പുവരുത്താന്‍ ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘം പ്രധാന സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നുണ്ട്.