അബുദാബി: യുഎഇ നേതൃത്വത്തിന്റെ മുമ്പാകെ ഉന്നയിച്ച അധ്യാപകരുടെ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്നത്തിന് പരിഹാരമാകുന്നു. യുഎഇ സന്ദര്‍ശിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്. എന്നാല്‍ ഔദ്യോഗിക പ്രതികരണം നടത്താന്‍ എംബസി അധികൃതര്‍ തയാറായിട്ടില്ല.
കേരളം, ബംഗാള്‍ എന്നിവയടക്കം ഏതാനും ചില സംസ്ഥാനങ്ങളിലെ അധ്യാപകര്‍ക്ക് മാത്രമാണ് തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് വിനയായിരിക്കുന്നത്. പ്രശ്നത്തിന് ഉടന്‍ തന്നെ പരിഹാരം ഉണ്ടാകുമെന്ന സൂചനയാണ് ദല്‍ഹിയിലേക്ക് മടങ്ങും മുമ്പ് മന്ത്രി യുഎഇയിലെ അധ്യാപക പ്രതിനിധികളെ അറിയിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ഗവര്‍ണ്ണര്‍, മനുഷ്യാവകാശ കമ്മീഷന് തുടങ്ങിയവര്‍ക്കൊക്കെ നേരത്തെ അധ്യാപകര്‍ നിവേദനം നല്‍കിയിരുന്നു.
തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കാനായിരുന്നു യുഎഇ വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം. 2018 ന് മുമ്പ് ജോലിക്ക് കയറിയവരെ ഈ നിബന്ധനയില്‍ നിന്ന് മാറ്റിനിര്‍ത്തുക, തുടര്‍ച്ചയായി അഞ്ച് വര്‍ഷം ജോലി ചെയ്തവര്‍ക്ക് ഇളവ് നല്‍കുക, നിലവില്‍ വിസയുള്ളവര്‍ക്ക് ഇളവ് നല്‍കുക എന്നീ ബദല്‍ നിര്‍ദേശങ്ങളാണ് കേന്ദ്രം യുഎഇക്കു മുമ്പാകെ നല്‍കിയിരിക്കുന്നത്. ഇതില്‍ ഏതെങ്കിലുമൊന്ന് അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.