തിരുവനന്തപുരം: ഇടനിലക്കാരുടെ ചതിയില്‍പെട്ട് കുവൈത്തില്‍ നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. മന്ത്രി ടിപി രാമകൃഷ്ണനാണ് ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി എംബസി മുഖേന തുടര്‍ നടപടി സ്വീകരിക്കാമെന്ന് കുവൈത്ത് ആരോഗ്യ വകുപ്പ് മേധാവി മുസ്തഫ അല്‍ റിദ ഉറപ്പ് നല്‍കിയതായി മന്ത്രി അറിയിച്ചു.
ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രമോഷന് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ (ഒഡെപെക്ക്) വെബ്പോര്‍ട്ടല്‍ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍നിന്ന് നഴ്സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാന്‍ ബ്രിട്ടനുമായി കരാറിലെത്തിയതായി മന്ത്രി അറിയിച്ചു. ഒരു വര്‍ഷം 1000 നഴ്സുമാര്‍ക്ക് അവസരം ലഭിക്കും.
അടുത്ത ഫുട്ബാള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ ഒരു വര്‍ഷത്തിനകം നിര്‍മാണ മേഖലയില്‍ നിരവധി തൊഴില്‍ അവസരം ഉണ്ടാവും. അയര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി. ജര്‍മനി, ജപ്പാന്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കും.