കുവൈറ്റ്: പാര്‍ലമെന്റിന്റെ ശൈത്യകാല സെഷന് ഇന്ന് ആരംഭിക്കും. രാവിലെ പത്തരക്ക് ആരംഭിക്കുന്ന സമ്മേളനം അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉദ്ഘാടനം ചെയ്യും. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
സ്വദേശികളുടെ പൗരത്വ പ്രശ്നം, നികുതി നിര്‍ദേശം, പാര്‍ലമെന്റ് കൈയേറ്റക്കേസിലെ പ്രതികളായ സിറ്റിങ് എംപിമാരുടെ അംഗത്വം, തുടങ്ങിയവയും ഈ സെഷനിലെ ചൂടേറിയ ചര്‍ച്ചയാവുമെന്നാണ് കരുതപ്പെടുന്നത്. സ്വദേശിവല്‍കരണ സമിതി തയാറാക്കിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു എന്നത് കൊണ്ട് തന്നെ ശൈത്യകാല സമ്മേളനം വിദേശികളെ സംബന്ധിച്ച് നിര്‍ണായകമാകും. വിദേശികളെ നേരിട്ട് ബാധിക്കുന്നതാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഏറെയും.
പൊതുമേഖലയില്‍ സാങ്കേതിക വൈദഗ്ധ്യം ആവശ്യമല്ലാത്ത തസ്തികകളില്‍ വിദേശികളെ അടിയന്തരമായി ഒഴിവാക്കുക, സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടത്തുക, കുവൈറ്റിലെ ബിരുദധാരികളെ നിയമിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുക, സ്വദേശികളുടെ താല്പര്യം സംരക്ഷിക്കുന്ന വിധം തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തുക, സ്വകാര്യ കമ്പനികളില്‍ നിര്‍ബന്ധമായും നിയമിക്കേണ്ട കുവൈറ്റികളുടെ എണ്ണം വര്‍ധിപ്പിക്കുക, ചില തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി സംവരണം ഏര്‍പ്പെടുത്തുക, തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.