അബുദാബി: അപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് അബുദാബിയില്‍ ദുരിത ജീവിതം നയിക്കുന്ന മലയവാളി യുവാവ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം തേടുന്നു. അപകടത്തില്‍ ഇറുകാലുകളും ഒടിഞ്ഞിരുന്നു. ഇതോടെ പരസഹായമില്ലാതെ അനങ്ങാന്‍ പോലുമാകില്ല അദ്നാന് എന്ന യുവാവിന്. പാസ്പോര്‍ട്ടും ടിക്കറ്റും ഇല്ലാത്തത് യുവാവിനെ കൂടുതല്‍ കുരുക്കി. ഗള്‍ഫ് മാധ്യമങ്ങള്‍ തന്നെയാണ് യുവാവിന്റെ ദയനീയ അവസ്ഥ പുറത്ത് വിട്ടത്.
ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അദ്നാന് അപകടം സംഭവിച്ചത്. ജോലി സ്ഥലത്ത് ഏണിയില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ സാരമായി തന്നെ പരിക്കേല്‍ക്കുകയും ചെയ്തു. ഇതുവരെ അഞ്ച് ശസ്ത്രക്രിയകളാണ് യുവാവിന് നടത്തിയിട്ടുള്ളത്. നീണ്ട ചികിത്സക്ക് ശേഷം ഇപ്പോള്‍ ക്രച്ചസുകളുടെ സഹായത്തോടെ മാത്രമേ അദ്നാന് നടക്കാനാവൂ.
തൊഴില്‍ വിസ റദ്ദാക്കിയശേഷമുള്ള 30 ദിവസം പൂര്‍ത്തിയാക്കിയായിരുന്നു നാട്ടിലേക്ക് പോകാനൊരുങ്ങിയത്. അപകട സമയത്ത് കവറില്‍ ഒപ്പം കരുതിയിരുന്ന പാസ്പോര്‍ട്ട് എവിടെയോ നഷ്ടപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷവും ഇത് കണ്ടെത്താനായില്ല. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനാവുമെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അദ്നാന് പരസഹായം കൂടിയേ തീരൂ. ഒക്ടോബര്‍ 31 ന് പൊതുമാപ്പ് അവസാനിക്കുകയും ചെയും.
ധരിച്ചിരിക്കുന്ന വസ്ത്രമല്ലാത മൊബൈല്‍ പോലും കൈയില്‍ ഇല്ലാത്ത അദ്നാന് ടിക്കറ്റെടുക്കാനും നിവര്‍ത്തിയില്ലാത്ത സാഹചര്യമാണ്. ഒന്‍പത് വര്‍ഷങ്ങള്‍ മുമ്പ് അദ്നാന് അറബ് കുടുംബത്തില്‍ പാചകക്കാരനായി യുഎഇയിലെത്തുന്നത്. ഈ വിസ തൊഴിലുടമ റദ്ദാക്കിയതോടെ പിന്നീട് വിവിധ ജോലികള്‍ ചെയ്ത് ജീവിച്ചു. ഒരു കുടുംബത്തിന്റെ എക ആശ്രയമായിരുന്നു അദ്നാന്. ഇപ്പോഴത്തെ അവസ്ഥ തന്റെ വീട്ടുകാരെ അറിയിക്കാന്‍ പോലും അദ്നാന് നിര്‍വ്വാഹമില്ല.