കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗതാഗത നിയമത്തില്‍ മാറ്റം. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് വണ്ടിയുടെ ഉടമസ്ഥരേഖയായ ‘ദഫ്ത്തര്‍ സയ്യാറ’ പിടിച്ചെടുക്കരുതെന്നു നിര്‍ദേശം. കടുത്ത നിയമലംഘനത്തിന് പിടിയിലാകുന്നവരില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് മാത്രം പിടിച്ചെടുത്താല്‍ മതിയെന്നാണ് ഗാതാഗത വകുപ്പ് മേധാവി വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം.
ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ആണ് ട്രാഫിക്ക് പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇങ്ങനെ പിടിച്ചെടുക്കുന്ന ലൈസന്‍സ് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാതു ഉദ്യോഗസ്ഥനായിരിക്കും. നടപടികള്‍ക്കു ശേഷം ഉടമയെ ലൈസന്‍സ് തിരിച്ചേല്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
അതിനിടെ പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് തടയണമെന്ന് ഫര്‍വാനിയ ഗവര്‍ണ്ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ സബാഹ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കമ്പനികളുടെ ട്രക്കുകള്‍ ബസ്സുകള്‍, കോണ്‍ഗ്രീറ്റ് മിക്സിങ് വാഹങ്ങള്‍, ടാങ്കറുകള്‍ തുടങ്ങിയ ഹെവി വാഹങ്ങള്‍ ജംഇയ്യയുടെയും സ്കൂളുകളുടെയും മറ്റും പാര്‍ക്കിങ് സ്ഥലങ്ങള്‍ അപഹരിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം.