മനാമ: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് കുവൈറ്റിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി തീരുമാനം. ഇതിനായി ആരോഗ്യ മന്ത്രാലയം ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയാല്‍ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ച് പിടിക്കുകയും ചെയ്യും.
ഇന്ത്യയിലെ കുവൈറ്റ് എംബസി വഴി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനാണ് നിര്‍ദേശം. 2016 സെപ്തംബര്‍ രണ്ടുമുതല്‍ കുവൈറ്റ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റാണ് പരിശോധിക്കുക. രണ്ടു വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ യോഗ്യത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇതുവരെ ഉറപ്പുവരുത്താത്ത പാശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവരുടെ സര്‍ട്ടിഫിക്കറ്റു പരിശോധന കുവൈറ്റില്‍ തുടങ്ങി.
ഡോക്ടര്‍മാര്‍, നേഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. ഉന്നതാധികാര സമിതിക്കായിരിക്കും പരിശോധന ചുമതല. രാജിവച്ച ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെ സര്‍ട്ടിഫിക്കറ്റും പരിശോധിക്കും. രാജിവച്ചശേഷം മറ്റ് ഉയര്‍ന്ന യോഗ്യതകളുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് സ്വകാര്യ ക്ലിനിക്കുകളും ഫാര്‍മസികളും നടത്തുന്നതും സമിതി അന്വേഷിക്കും.