ഷാര്‍ജ: കുട്ടികള്‍ക്ക് സിനിമയെക്കുറിച്ച് അറിയാനും പഠിക്കാനും അവസരമൊരുക്കിക്കൊണ്ട് വീണ്ടുമൊരു ചലച്ചിത്രമേളയ്ക്ക് ഷാര്‍ജ വേദിയാകുന്നു. ഒക്ടോബര്‍ 14 ന് ആറാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങും.
ആറ് ദിവസം നീളുന്ന ഈ മേളയുടെ പ്രമേയം സിനിമയെക്കുറിച്ച് ചിന്തിക്കാം എന്നതാണ്. മേള ഷാര്‍ജ അല്‍ ജവഹര്‍ കണ്വെന്ഷന് സെന്ററിലാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. ഇക്കുറി ചലച്ചിത്രോത്സവം അരങ്ങേറുന്നത് കൂടുതല്‍ പുതുമകളോടെയാണ്. 54 പ്രീമിയര്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടാകുമെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 138 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. നാല്പതിലധികം ശില്പശാലകള് മേളയുടെ ഭാഗമായി നടക്കും. മേളയെ സമ്പന്നമാക്കാന്‍ ലോകപ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകര്‍, താരങ്ങള്‍, സംവിധായകര്‍ തുടങ്ങി പ്രമുഖരുടെ ഒരു നീണ്ടനിര തന്നെ എത്തുന്നുണ്ട്.
ഈ മേളയുടെ സംഘാടകര്‍ ഷാര്‍ജ മീഡിയ ആര്‍ട്സ് ഫോര്‍ യൂത്ത് ആന്‍ഡ് ചില്‍ഡ്രന്‍ ആണ്. കുട്ടികളുടെയും യുവാക്കളുടെയും അനുഭവസമ്പത്ത് കൂട്ടാനും വ്യക്തിത്വ വികസനത്തിനും കല പോലെ മികച്ചൊരു മാധ്യമമില്ലെന്ന് ഫണ്‍ ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിന്ത് അബ്ദുള്ള അല്‍ ഖാസിമി സൂചിപ്പിച്ചു.