അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നാടകോത്സവമായ എട്ടാമത് ഭരത് മുരളി നാടകോത്സവം ഡിസംബര്‍ നാല് മുതല്‍ നടക്കും. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വച്ച് നടക്കുന്ന നാടകോത്സവം കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്.
മികച്ച സംവിധായകരാണ് ഓരോ നാടകവും അണിയിച്ചൊരുക്കുന്നത്. സെന്റര്‍ ആസ്ഥാന മന്ദിരത്തിന്റെ നവീകരണരപ്രവര്ത്തനങ്ങളുടെ ഭാഗമായ് കഴിഞ്ഞ വര്‍ഷം പരിപാടി നടത്താന്‍ സാധിച്ചിരുന്നില്ല. ഏറ്റവും മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്, യുഎഇ യില്‍ നിന്നുള്ള മികച്ച സംവിധായകന്, മികച്ച നടന്, മികച്ച നടി, രണ്ടാമത്തെ നടന്, രണ്ടാമത്തെ നടി, മികച്ച ബാലതാരം, രണ്ടാമത്തെ നല്ല ബാലതാരം, പ്രകാശവിതാനം, പശ്ചാത്തല സംഗീതം, ചമയം, രംഗ സജ്ജീകരണം എന്നിവയായിരിക്കും മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുക. ഒരു മണിക്കൂറില്‍ കുറയാത്തതും രണ്ട് മണിക്കൂറില്‍ കൂടാത്തതുമായ നാടകങ്ങളായിരിക്കും മത്സരത്തിന് പരിഗണിക്കുക.
നാടകത്തില്‍ അഭിനയിക്കുവര് യു.എ.ഇ. റസിഡന്‍സ് വിസയുള്ളവരായിരിക്കണം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നാടകസമിതികള്‍ നാടകത്തിന്റെ പൂര്‍ണ്ണമായ സ്ക്രിപ്റ്റിന്റെ രണ്ട്പകര്പ്പും നാടകത്തിന്റെ ഇംഗ്ലീഷിലുള്ള സംക്ഷിപ്ത രൂപവും സഹിതം നവംബര്‍ ഒന്നിനകം സെന്റര്‍ ഓഫീസില്‍ എത്തിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.