അബുദാബി: അബുദാബിയിലെ മാലിന്യ നിര്‍മാര്‍ജന കേന്ദ്രം ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ശേഖരിച്ചത് 11 ലക്ഷം ടണ്‍ മാലിന്യമാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രതിദിനം ശരാശരി 6376 ടണ്‍ മാലിന്യം സംഭരിക്കുന്നു എന്നാണ്. ഇതില്‍ കഴിയുന്നത്ര പാഴ് വസ്തുക്കള്‍ പുനരുത്പാദിപ്പിക്കുകയും കാര്‍ഷിക ജൈവ അവശിഷ്ടങ്ങള്‍ ജൈവ രാസവളങ്ങളിലേക്ക് മാറ്റുകയും ചെയ്യും. ഇത് പ്രാദേശിക കാര്‍ഷിക മേഖലയ്ക്ക് വളരെയധികം ഗുണംചെയ്യും.
അബുദാബിയിലെ ഉപഭോഗത്തിലും മാലിന്യ ഉത്പാദനത്തിലും വലിയ വര്‍ധനയ്ക്ക് വഴിവെച്ചത് അഭൂതപൂര്‍വമായ നഗരവത്കരണവും ജനസംഖ്യാ വളര്‍ച്ചയുമാണെന്ന് തദ്വീറിലെ ആക്ടിങ് ജനറല്‍ മാനേജര്‍ ഡോ സലിം അല്‍ കാബി പറഞ്ഞു. പരിസ്ഥിതിയില്‍ മാലിന്യത്തിന്റെ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ക്കായി നഗരത്തിലെ പുനരുത്പാദന സാമഗ്രികള്‍ക്കും പുനരുത്പാദന സെന്ററുകള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.