ദോഹ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകണമെങ്കില്‍ എക്സിറ്റ് വിസ വേണ്ടെന്ന നിയമത്തിന് ഖത്തര്‍ അംഗീകാരം നല്കി. രാജ്യം വിട്ടുപോകാന്‍ തൊഴില്‍ ദാതാവിന്റെ അനുമതി വേണമെന്ന നിയമമാണ് എടുത്തുമാറ്റിയത്.
പുതിയ നിയമപ്രകാരം എല്ലാ കമ്പനികളിലെയും ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന മാക്സിമം 5% പേര്‍ക്കു മാത്രമേ ഖത്തര്‍ വിടാന്‍ അനുമതി ആവശ്യമുള്ളൂ. ‘പ്രാവാസികളുടെ വരവും തിരിച്ചുപോക്കും താമസവും നിയന്ത്രിക്കാനാണ്’ ഈ നിയമമാറ്റം.
ഖത്തറിന്റെ നീക്കത്തെ യുഎന്‍ ഏജന്‍സിയായ അന്താരാഷ്ട്ര തൊഴില്‍ ഏജന്‍സി സ്വാഗതം ചെയ്തു. ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തില്‍ പോസിറ്റീവായ സ്വാധീനം സൃഷ്ടിക്കാന്‍ ഈ നിയമത്തിനു കഴിയുമെന്നും സംഘടന നിരീക്ഷിച്ചു.
‘ തൊഴില്‍ പരിഷ്കരണത്തിനും മറ്റു നടപടിക്രമങ്ങളിലും ഖത്തര്‍ സര്‍ക്കാറിനുള്ള അര്‍പ്പണബോധം വ്യക്തമാക്കുന്നതാണ് എക്സിറ്റ് പെര്‍മിറ്റുകള്‍ വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനം’ എന്നും അന്താരാഷ്ട്ര ലേബര്‍ സംഘടന തലവന്‍ ഹൗതാന്‍ ഹുമയൂണ്‍പൂര്‍ പ്രസ്താവനയില്‍ അറിയിച്ചു.