ഷാര്‍ജ: മലയാളികളെ വീണ്ടും കടാക്ഷിച്ച് അബുദാബി ഭാഗ്യവേദത. ആറു സുഹൃത്തുക്കള്‍ ചേര്‍ന്ന് എടുത്ത ബിഗ് ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം വീണത്. 1.2 കോടി ദിര്‍ഹം(ഏകദേശം 23 കോടി രൂപ)തുകയാണ് ആറു പേര്‍ക്കായി ലഭ്യമായത്.
തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവിനെയും സുഹൃത്തുക്കള്‍ക്കുമാണ് ഭാഗ്യം കടാക്ഷിച്ചത്. സമ്മാനമായി ലഭിച്ച തുകയില്‍ നിന്നും നല്ലൊരു തുക പ്രളയത്തില്‍ വലയുന്ന കേരളത്തിനായി നല്കുമെന്നു യുവാക്കള്‍ പറയുന്നു. തിങ്കളാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു നറുക്കെടുപ്പ്. ആറു പേരും യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്.
കോട്ടയം സ്വദേശി ലിജോ, കോട്ടയ്ക്കല്‍ സ്വദേശി കൃഷ്ണരാജ്, എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശ് സതീഷ് എന്നിവരാണ് ജോര്‍ജിനൊപ്പം ചേര്‍ന്ന് കൂപ്പണ്‍ എടുത്തത്. ഒമ്പത് വര്‍ഷമായി സുഹൃത്തുക്കളായ ഇവര്‍ നേരത്തെ ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും ഇപ്പോള്‍ കുടുംബവുമായി മാറി താമസിക്കുകയാണ്. നേരത്തെയും ഇവര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭാഗ്യം വന്നെത്തിയത് ഈ പ്രാവശ്യമാണ്.