തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തില്‍ പ്രതികള്‍ക്ക് വിനയായത് യുവതിയുടെ സിം കാര്‍ഡ് ഉപയോഗിച്ച് അഖിലിനയച്ച സന്ദേശം. അഖിലിന് രണ്ടു ഫോണില്‍ നിന്ന് ഓരേ സിം കാര്‍ഡില്‍ നിന്ന് വന്ന സന്ദേശമാണ് അന്വേഷണ സംഘത്തിന് നിര്‍ണായകമായത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് രാഖിയെ കൊലപ്പെടുത്തിയത്.
അതേസമയം തയ്യാറെടുപ്പുകളൊന്നും പിഴച്ചില്ല. എന്നാല്‍ പ്രതികളുടെ അതിബുദ്ധിയാണ് വിനയായത്. രാഖിയുടെ ഫോണ്‍ ലോക്ക് ആയതിനാല്‍ കാട്ടാക്കടയിലെ മൊബൈല്‍ കടയില്‍ നിന്ന് പുതിയ ഫോണ്‍ വാങ്ങി അതിലേക്ക് രാഖിയുടെ സിം കാര്‍ഡ് ഇട്ട് പ്രതികള്‍ അഖിലിന് സന്ദേശം അയച്ചു. ‘തന്നെ ഇനി തിരയണ്ടെന്നും, മറ്റൊരാളുമായി പ്രണയ ബന്ധത്തിലാണെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
അഖിലിന്റെയും രാഖിയുടെയും ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച പോലീസുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ വിദ്ഗധ അന്വേഷണത്തില്‍ രാഖിയുടെ സിം കാര്‍ഡില്‍ നിന്ന് അഖിലിന് വന്ന സന്ദേശങ്ങള്‍ രണ്ടു ഫോണില്‍ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു. ഫോണിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കടയിലെ മൊബൈല്‍ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ഫോണ്‍ വാങ്ങിയ ഇവരുടെ സുഹൃത്ത് ആദര്‍ശിനെയും പോലീസ് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ആദര്‍ശിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിലുമാണ് അമ്പൂരി കൊലപ്പാതകത്തിന്റെ ചുരിളഴിയുന്നത്.