തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തില്‍ അഖിലിന്റെ മൊഴി പുറത്ത്. ഒരുമിച്ച് ജീവിക്കണമെന്ന രാഖിയുടെ നിര്‍ബന്ധമാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്ന് അഖിലിന്റെ മൊഴി. തന്നെ ഒഴിവാക്കിയാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് രാഖി പറഞ്ഞതായി അഖില്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
രാഖിയുടെ കൊലപാതകം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സഹോദരന് രാഹുല്‍ സഹായിച്ചിരുന്നെന്ന് അഖില്‍ മൊഴി നല്കി. കൊലപാതകത്തിന് ശേഷം താന്‍ കാശ്മീരിലേക്ക് പോയെന്നും രാഖിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഉപേക്ഷിച്ചത് സഹോദരനാണെന്ന് അഖില്‍ പോലീസിനോട് പറഞ്ഞു. രാഖിയുടെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തത് അച്ഛനാണെന്നും എന്നാല്‍ അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നും അഖില്‍ പറഞ്ഞു.
ഇന്ന് രാഹുലിനെയും അഖിലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇരുവരെയും അമ്പൂരിയിലെ വീട്ടുവളപ്പിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അഖില്‍ പിടിയിലായത്. രാഹുലിനെയും ഇന്നലെയാണ് പിടികൂടിയത്.