പട്ടാമ്പി: പ്രളയത്തില്‍ കൈവരികള്‍ തകര്‍ന്ന പട്ടാമ്പി പാലത്തില്‍ കൈവരികള്‍ സ്ഥാപിക്കാന്‍ തുടങ്ങി. നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി സെപ്റ്റംബര്‍ ആറിന് പാലം തുറക്കുമെന്ന് എംഎല്‍എ മുഹമ്മദ് മുഹ്സിന് അറിയിച്ചു.
കൈവരികള്‍ സ്ഥാപിച്ചശേഷം അടിവശത്ത് കോണ്‍ക്രീറ്റ് ചെയ്ത് കാലുകള്‍ ഉറപ്പിക്കും. ഇതോടൊപ്പം പുഴ കരകവിഞ്ഞ് തകര്‍ന്ന അപ്രോച്ച് റോഡിന്റെയും പാലത്തിന് മുകളിലെ തകര്‍ന്ന റോഡിന്റെയും പണിയും നടന്നുവരുന്നുണ്ട്.
ടാര്‍ ഒലിച്ചുപോയ രണ്ടിടത്ത് ഇതിനോടകം കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. ഇനി ഒരിടത്തുകൂടി ചെയ്യാനുണ്ട്. പാലത്തിനിരുവശത്തും ആഴത്തില്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇത് മണ്ണിട്ടുനികത്തിവേണം കോണ്‍ക്രീറ്റ് ചെയ്ത് നേരെയാക്കാന്‍. ഒരുവശത്ത് കോണ്‍ക്രീറ്റ് ബെല്‍റ്റിട്ട് ഉറപ്പിക്കുകയും വേണം.
മഴയോ മറ്റ് തടസ്സങ്ങളോ ഇല്ലെങ്കില്‍ സെപ്റ്റംബര്‍ ആറിനകം പാലം ഗതാഗതയോഗ്യമാക്കാനാണ് ശ്രമമെന്ന് മുഹമ്മദ് മുഹ്സിന് എംഎല്‍എ അറിയിച്ചു.