പാലക്കാട്: ചെറിയ പെരുന്നാളിന് പാലക്കാട് ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളില്‍ മൃഗങ്ങളെ അറുക്കുന്നതും മാംസം വിതരണം ചെയ്യുന്നതും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിരോധനമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.
ജില്ലയിലെ കണ്ടയ്ന്മെന്റ് സോണുകളില്‍ മെയ് 12, 13 തിയ്യതികളില്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള മൃഗങ്ങളെ അറുക്കല്‍, പ്രസ്തുത സ്ഥലത്തുള്ള മാംസവിതരണം എന്നിവ പൂര്‍ണമായും നിരോധിച്ചതായിട്ടാണ് ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി അറിയിച്ചത്.
മറ്റ് സ്ഥലങ്ങളില്‍ ആവശ്യമുള്ളവര്‍ മാത്രം ചേര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതില്‍ തടസമില്ല. ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവര്‍ വീടുകളില്‍ എത്തിച്ചു കൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.