കൊണ്ടോട്ടി: വീട്ടമ്മയേയും പ്രായപൂര്‍ത്തിയാവാത്ത മകളേയും പീഡിപ്പിച്ച കേസില്‍ വ്യാജസിദ്ധന് അറസ്റ്റില്‍. കരിപ്പൂര്‍ പുളിയംപറമ്പ് മാപ്പിളക്കണ്ടി അബ്ദുറഹ്മാന് തങ്ങളാണ്(36) അറസ്റ്റിലായത്. അസുഖങ്ങളുമായെത്തിയ യുവതിയെ ചികിത്സിക്കാമെന്ന് പറഞ്ഞാണ് സിദ്ധന് വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചത്.
തുടര്‍ന്ന് 17 വയസുകാരിയായ മകളെ തനിക്ക് വിവാഹം കഴിച്ചു നല്‍കണമെന്ന് ദിവ്യദര്‍ശനം ലഭിച്ചെന്ന് സിദ്ധന് കുടുംബത്തെ ധരിപ്പിച്ചു. വീട്ടമ്മയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെയും വീട്ടില്‍ നിന്ന് ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോയി. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു.
തന്റെ അനുയായിയും തിരുവനന്തപുരത്തെ ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ ആളുടെ സഹായത്തോടെയാണ് ഇവരെ കടത്തിക്കൊണ്ടുപോയത്. ഒളിവില്‍ താമസിപ്പിച്ച കാലയളവില്‍ സിദ്ധനും അനുയായിയും യുവതിയെയും മൂത്ത മകളെയും പീഡിപ്പിച്ചു. യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 11 സെന്റ് ഭൂമി പളളി നിര്‍മ്മിക്കാനെന്ന പേരില്‍ തട്ടിയെടുത്തു.
പത്താം ക്ളാസ് തോറ്റ അബ്ദുറഹ്മാന് ദിവ്യദര്‍ശനത്തിന്റെ പേരില്‍ പലയിടങ്ങളിലായി ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടാളിയെ പൊലീസ് തിരയുകയാണ്. അബ്ദുറഹ്മാന് കൊണ്ടോട്ടിയിലും പരിസരങ്ങളിലും പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നടത്തിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, പോക്സോ, മനുഷ്യക്കടത്ത് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.