പെരിന്തൽമണ്ണ: അഞ്ചുവയസ്സുകാരനെക്കൊണ്ട് മോട്ടോർ സൈക്കിൾ ഡ്രൈവിങ് പരിശീലനം നടത്തിയ പിതാവിന്റെ ലൈസൻസ് വാഹനവകുപ്പ് റദ്ദാക്കി.
വെട്ടത്തൂർ തേലക്കാട് സ്വദേശി അബ്ദുൽ മജീദിന്റെ ലൈസൻസാണ് ഒരുവർഷത്തേക്ക് റദ്ദാക്കിയത്. വ്യാഴാഴ്ച രാവിലെ വെട്ടത്തൂർ-കാര്യവട്ടം റൂട്ടിൽ കാപ്പിൽനിന്ന് തേലക്കാട്ടേക്ക് പോകുന്നതിനിടെയാണ് പരിശീലനം നടത്തിയത്. കുട്ടിയെ ബൈക്കിന്റെ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം ഒരുവ്യക്തി പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിന് നൽകുകയായിരുന്നു.
ജോയിന്റ് ആർ.ടി.ഒ.സി.യു. മുജീബിന്റെ നിർദേശപ്രകാരമുള്ള അന്വേഷണത്തിൽ ഈസമയം ബൈക്ക് ഓടിച്ചിരുന്നത് അബ്ദുൽ മജീദാണെന്നും സ്വന്തം വാഹനമാണെന്നും വ്യക്തമായത്. ഡ്രൈവർക്കെതിരേ നടപടിക്കും ശുപാർശ ചെയ്തു. തുടർന്ന് അബ്ദുൽമജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയുംഅദ്ദേഹം കുറ്റംസമ്മതിക്കുകയും ചെയ്തതോടെയാണ് ലൈസൻസ് റദ്ദാക്കിയത്.