തിരൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച 15 കാരി മരണത്തിന് കീഴടങ്ങി. ബംഗാള്‍ സ്വദേശിനിയായ 15 കാരിയെ ബന്ധുവായ യുവാവാണ് കുത്തിയത്.
തിരൂര്‍ മുത്തൂര്‍ വിഷുപ്പാടത്തിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കല്‍ക്കട്ട സ്വദേശി സാന്തി ബീവിയുടെ മകള്‍ സാമിന (15) യെയാണ് പിതാവിന്റെ ബന്ധുകൂടിയായ ഷഹദാദ് (24) കുത്തിയത്.
കോണ്‍ക്രീറ്റ് തൊഴിലാളികളാണ് ഇവര്‍. പെണ്‍കുട്ടിയുടെ വിവാഹം അടുത്തിടെ കോഴിക്കോടുള്ള യുവാവുമായി ഉറപ്പിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വീട്ടിലുള്ളവര്‍ ജോലിക്കു പോയ സമയത്ത് ഷഹദാദ് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ഥന നടത്തുകയും നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറാന് ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിച്ചതില്‍ രോഷാകുലനായ യുവാവ് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.
വലതു നെഞ്ചിലും വലതുഭാഗത്തും കുത്തേറ്റ് ഓടിയ പെണ്‍കുട്ടി മുറിയില്‍ വീണപ്പോള്‍ ഇടതുകാലിനും കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടി കൂടുകയും തുടര്‍ന്ന് അയല്‍വാസിയായ മന്‍സൂറിന്റ നേതൃത്വത്തില്‍ യുവാവിനെ കീഴടക്കുകയും രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പരുക്ക് ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റുചെയ്തു.