ഇരിട്ടി: മുഴക്കുന്നിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആനയുടെ അക്രമത്തില്‍ ഒരാള്പരിക്ക്. പരിക്കേറ്റ ചാക്കാട് സ്വദേശി വലിയപറമ്പില്‍ പുരുഷോത്തമനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം അതേസമയം ജീപ്പ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് രണ്ട് ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെട്ടത്. ആന ഒരു പശുവിനെ കുത്തിക്കൊല്ലുകയും വനംവകുപ്പിന്റെ ജീപ്പ് ആക്രമിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയ പുരുഷോത്തമന് ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ആനയുടെ ആക്രമത്തില്പരിക്കേറ്റ പുരുഷോത്തമനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡിന് സമീപമാണ് കാട്ടാനയെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെയും വനപാലകരെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു.