ചേര്‍ത്തല: തണ്ണീര്‍മുക്കത്ത് നിന്നും കാണാതായ അധ്യാപികയേയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയേയും ചെന്നൈയില്‍ നിന്നും പോലീസ് പിടികൂടി. ചെന്നൈയിലെ ആറമ്പാക്കം പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്.
തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപിക മുനിസിപ്പല്‍ 24-ാം വാര്‍ഡ് മറ്റവന ഗിരിജാലയത്തില്‍ ഡെറോണ തമ്പിയേയും (41) ഇതേസ്കൂളിലെ വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരനേയുമാണ് ചെന്നൈയിലെ ആറമ്പാക്കം പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്.
വിമാനമാര്‍ഗം കൊച്ചിയില്‍ കൊണ്ടുവന്ന ഇരുവരെയും ചേര്‍ത്തല, മുഹമ്മ പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചു. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് അധ്യാപികക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളും ചെന്നൈയില്‍ എത്തിയിരുന്നു. 23ന് ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. തണ്ണീര്‍മുക്കത്തെ വീട്ടിലെത്തി വിദ്യാര്‍ത്ഥിയെ കൂട്ടി ഡൊറോണ തന്ത്രപൂര്‍വ്വം കടക്കുകയായിരുന്നു.
ചെന്നൈയിലെത്തി അമ്മയും മകനുമെന്ന പേരില്‍ ഹോട്ടലില്‍ മുറിയെടുത്തു. മിനിയെന്നാണ് അവിടെ നല്കിയ പേര്. പുതിയ സിംകാര്‍ഡ് തരപ്പെടുത്തി ഫോണില്‍ ഇട്ടതോടെയാണ് ഐഎംഎ നമ്പര്‍ വഴി ഇവരുടെ സ്ഥലം തിരിച്ചറിഞ്ഞത്. ചെന്നൈയില്‍ 10000 രൂപ മുന്‍കൂര്‍ നല്‍കിയാണ് പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഇതിനുശേഷം നാലുപവന്റെ സ്വര്‍ണപാദസരം ജുവലറിയില്‍ വിറ്റ് 59,000രൂപ വാങ്ങി.
ചെന്നൈയില്‍ യാത്രക്കിടയില്‍ പരിചയപ്പെട്ട ശങ്കര്‍ എന്ന ഓട്ടോ ഡ്രൈവറാണ് പലകാര്യത്തിലും സഹായിച്ചത്. ഇയാളുടെ സഹായത്തോടെ ഇവിടെ വാടകയ്ക്ക് വീട് ലഭിക്കുന്നതിന് 40,000 രൂപയും അഡ്വാന്‍സ് നല്കി. സ്വകാര്യ സ്കൂളില്‍ ജോലി തരപ്പെടുത്തി ഇവിടെ തന്നെ തങ്ങാനാണ് ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് പുതിയ സിം കാര്‍ഡ് വാങ്ങി നല്‍കിയത്.
ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന അധ്യാപികയ്ക്ക് പത്ത് വയസുള്ള മകനുമുണ്ട്. അധ്യാപിക വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങി നല്‍കിയതോടെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ സംശയം ഉയര്‍ന്നു. ഫോണ്‍ നല്കിയ നടപടിയെ വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്യുകയും അധ്യാപികയെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.
ഇവര്‍ തമ്മില്‍ ഏറെ നാളുകളായി അടുത്ത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയെ ജുവനൈല്‍ കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ ജാമ്യത്തിലും വിട്ടു.