തൃശ്ശൂര്‍:ഫാമുകളില്‍ നിന്നും ഡാമുകളില്‍ നിന്നും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പുറത്തേക്കെത്തിയത് വിവിധ ഇനം വിദേശ മീനുകളാണ്. ഇവ ഭീഷണിയാവുക നാടന്‍ മീനുകള്‍ക്കും. നാട്ടിലെ പുഴകളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ചുരുങ്ങിയത് 20 ലക്ഷം വിദേശ മീനുകള്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം.
അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന മീനുകളും പുഴകളില്‍ വന്‍തോതില്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും പ്രതിനിധികളുടെ യോഗം ഇത്തരം അധിനിവേശ മത്സ്യങ്ങളുടെ ആധിപത്യമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സെപ്റ്റംബര്‍ നാലിന് വിളിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ജലാശയങ്ങളില്‍ എത്തിയിരിക്കുന്നത് റെഡ്ബെല്ലി എന്ന മീനാണ്. ആഫ്രിക്കന്‍ മുഷിയാണ് മറ്റൊരു ഭീഷണി. സക്കര് ക്യാറ്റ് ഫിഷ്, ത്രീസ്പോട്ട് ഗൗരാമി തുടങ്ങിയ അക്വേറിയം മീനുകളും വ്യാപകമായി ഉണ്ട്. ഇവ നാടന്മീനുകളേയും അവയുടെ മുട്ടയും തിന്നുന്നവയാണ്. ചാലക്കുടിപ്പുഴയില്‍ 35 കിലോയുള്ള അരപൈമ എന്ന മത്സ്യത്തെ കണ്ടത് പ്രളയത്തിനുശേഷമാണ്. ഇതുവരെ കേരളത്തില്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ശുദ്ധജലമീനാണിത്.