കണ്ണൂര്‍: വിമാനമിറങ്ങാന്‍ സുസജ്ജമായി കണ്ണൂര്‍ വിമാനത്താവളം. രണ്ടുദിവസങ്ങളിലായി അഞ്ചു മണിക്കൂര്‍ പറക്കല്‍, അഞ്ചു ലാന്‍ഡിങും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബീച്ച്ക്രാഫ്റ്റ് 350 കാലിബ്രേഷന്‍ വിമാനം കണ്ണൂര്‍ വിമാനത്താവളത്തെ പലവട്ടം വലംവെച്ചു. ഉയര്‍ന്നും താഴ്ന്നും പറന്നു. റണ്‍വേയില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കുതിച്ചു.
ഇന്നലെ രാവിലെ 9.30ന് പറന്നുയര്‍ന്ന വിമാനം 9.56ന് റണ്‍വേയിലൂടെ താഴ്ന്നുപറന്ന് പ്രിസിഷന്‍ അപ്രോച്ച് പാത്ത് ഇന്‍ഡിക്കേറ്ററിന്റെ (പാപ്പി) കൃത്യത ഉറപ്പാക്കി. 10.23ന് ഫയര്‍സ്റ്റേഷനു മുന്‍വശത്തെ 25 റണ്‍വേയില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ (ഐഎല്‍എസ്) സഹായത്തോടെ ലാന്‍ഡ് ചെയ്തു.
മലയാളിയും എയര്‍പോര്‍ട്ട് അതോറിറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എല്‍എന്‍ പ്രസാദാണ് കാലിബറേഷന് പരിശോധനകള്‍ക്കു നേതൃത്വം നല്‍കിയത്. സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനും പറക്കാനുമുള്ള നിര്‍ദേശങ്ങള്‍ എയര്‍ട്രാഫിക് കണ്ട്രോളില് നിന്ന് ഡപ്യുട്ടി ജനറല്‍ മാനേജര്‍ ജി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നല്കിക്കൊണ്ടിരുന്നു.
വിമാനത്തില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വിമാനത്താവളത്തില്‍ സ്ഥാപിച്ച വിവിധ വിവരവിനിമയ ഉപകരണങ്ങള്‍ ക്രമീകരിച്ചുകൊണ്ട് കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍, സര്‍വൈലന്‍സ് (സിഎന്‍എസ്) വിഭാഗം ഒപ്പം നിന്നു.
ജോയിന്റ് ജനറല്‍ മാനേജര്‍ വി.എസ്.തോമര്‍, മഹാവീര്‍ സിങ്, മനീഷ് ബിഷ്ട്, രാജേഷ് കുമാര്‍ സിങ്, നിതിന്‍ പ്രകാശ്, സന്ദീപ് ഗൗര്‍ എന്നിവരായിരുന്നു റണ്‍വേയുടെ പലഭാഗത്തായുള്ള ഉപകരണങ്ങള്‍ ക്രമീകരിച്ചത്. ഡപ്യുട്ടി ജനറല്‍ മാനേജര്‍ പിഎന്‍.മുരളീധരന്, എം.കെ.മോഹനന്, ടിജോ ജോസഫ്, ജാക്സണ് പോള്‍, ജാന്‍സമ്മ തോമസ്, മീന ബെന്നി എന്നിവര്‍ സിഎന്‍എസ് സ്റ്റേഷനിലെയും കാര്യങ്ങള്‍ നിയന്ത്രിച്ചു.
എല്ലാം ശുഭമായതോടെ 11.36ന് എയര്‍പോര്‍ട്ട് അതോറിറ്റി സംഘം ഭോപ്പാല്‍ ലക്ഷ്യമാക്കി പറന്നു. അവിടെ നിന്നാണ് ഡല്‍ഹിക്കുള്ള യാത്ര. കിയാല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി.ജോസ്, ചീഫ് പ്രൊജക്ട് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് കെ.എസ്.ഷിബുകുമാര്‍, ഓപറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ ബിനു ഗോപാല്‍, മാനേജര്‍ ബിജേഷ്, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വേലായുധന് മണിയറ, ഫയര്‍ആന്‍ഡ് റസ്ക്യു വിഭാഗം മാനേജര്‍ ഇ.ഷൗക്കത്തലി, എയര്‍ട്രാഫിക് കണ്ട്രോള് ടീം അംഗങ്ങളായ കിരണ്‍ ശേഖര്‍, എസ്.എല്‍.വിഷ്ണു, നിധിന് ബോസ് തുടങ്ങിയരും എയര്‍പോര്‍ട്ട് അതോറിറ്റി സംഘത്തെ യാത്രയാക്കാന്‍ എത്തിയിരുന്നു.