ആലപ്പുഴ: കൈനകരി മേഖലയിലെ പാടശേഖരങ്ങളില്‍ കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ സന്ദര്‍ശനം നടത്തി. മടകുത്തിയ പാടങ്ങളില്‍ തിങ്കളാഴ്ചയോടെയും അല്ലാത്ത ഇടങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളിലും വെള്ളം വറ്റിക്കുമെന്നും പറഞ്ഞു.
കുട്ടനാട്ടില്‍ ശുചീകരണവും പുനരധിവാസവുമൊക്കെ നടക്കുന്നുണ്ടെങ്കിലും കൈനകരിയില്‍ ഭൂരിഭാഗം വീടുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മട വീണ പാടശേഖരങ്ങളില്‍ മടകുത്തി വെള്ളം വറ്റിക്കാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് മന്ത്രി സുനില്‍ കുമാര്‍ പ്രദേശം സന്ദര്‍ശിച്ചത്.
കനകാശ്ശേരി, പരുത്തിവളവ് തുടങ്ങിയ പാടങ്ങളില്‍ മട വീഴ്ച ഉണ്ടായ ഭാഗങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. മട കുത്തിയ ഭാഗങ്ങളില്‍ വെള്ളം വറ്റിക്കാനും ഇല്ലാത്തയിടങ്ങളില്‍ മട കുത്തി വെള്ളം വറ്റിക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത കൃഷി തടസ്സമില്ലാതെ നടത്താനും നടപടിയെടുക്കും. മട കുത്താനും വൈദ്യുതി വിതരണവും മോട്ടോറുകളും ശരിയാക്കി വെള്ളം വറ്റിക്കാനും ഇനിയും ദിവസങ്ങളെടുക്കും. പാടശേഖര സമിതിക്കും പമ്പിങ്ങ് കോണ്‍ട്രാക്ടര്‍മാര്‍ക്കും അടിയന്തിര സാഹചര്യം പരിഗണിച്ച് ഏറ്റവും പെട്ടെന്ന് വെള്ളം വറ്റിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
മോട്ടോര്‍ വെക്കാതെ തന്നെ മട ചെറിയ രീതിയില്‍ തുറന്ന് വിട്ട് ജലനിരപ്പ് കുറയ്ക്കാനാകുന്ന സ്ഥലങ്ങളില്‍ അത് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വെള്ളം ഒഴുക്കിവിട്ട ശേഷം മടകത്താനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കും. ആലപ്പഴബ ചങ്ങനാശ്ശേരി റോഡിലെ വെള്ളം താഴഅന്നാല് ഉടനെ അവിടുത്തെ പമ്പുകളും ഇങ്ങോട്ട് കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിക്കും. കനകാശ്ശേരിയിലെ മടകുത്തുന്നതിന് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ചെളി കൊണ്ടുവരാന്‍ ബാര്‍ജ് എത്തിയിട്ടുണ്ട്.