നെല്ലിയാമ്പതി: ഓടക്കയം സ്കൂളിന്റെ ചുമരുകളില്‍ കിളികളെയും പൂക്കളുടെയും ചെടികളുടെയും ചിത്രം വരയ്ക്കാന്‍ ഇനി അവളില്ല. അവളുടെ ചിരിക്കുന്ന കുഞ്ഞ് മുഖം കൂട്ടുകാര്ക്കിനി
നോവുള്ള ഓര്‍മ്മച്ചിത്രം മാത്രമാണ്.
ഓടക്കയം ഗവ.യുപി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഷിബിലയുടെ അകാലവിയോഗം കൂട്ടുകാരെ കണ്ണീരിലാഴ്ത്തുകയാണ്. സ്കൂളിന്റെ ചുമരുകളില്‍ അവള് വരച്ച ചിത്രങ്ങള്‍ ആ കുരുന്നുകളുടെ ഹൃദയം പൊള്ളിക്കുകയാണ്.
പ്രളയക്കെടുതിക്കുശേഷം ബുധനാഴ്ച സ്കൂള്‍ തുറന്നപ്പോള്‍ ഓടക്കയം ഗവ.യുപി സ്കൂളില്‍ ആറാം ക്ലാസിലെ ബഞ്ചില്‍, ഷിബില വരച്ച ചിത്രങ്ങള്‍ നോക്കിയിരിക്കെ പ്രിയ ചങ്ങാതിമാരുടെ കണ്ണുകള്‍ നിറഞ്ഞു. ഷിബിലയുടെ മരണം ഇനിയും അവര്‍ ഉള്‍ക്കൊണ്ടിട്ടില്ല. പേമാരി വിതച്ച ദുരിതങ്ങള്‍ നേരിട്ടറിഞ്ഞവരായിരുന്നു ഓടക്കയം സ്കൂളിലെ വിദ്യാര്‍ഥികളേറെയും.
ആഗസ്റ്റ് 16ന് നെല്ലിയായി കോളനിയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ആറാം ക്ലാസുകാരി ഷിബിലയും സഹോദരി പ്ലസ് ടു വിദ്യാര്‍ത്ഥി അമ്പിളിയും മരിച്ചത്. ഷിബില ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് ദുരിതാശ്വാസ ക്യമ്പില്വച്ചാണ് അവരില്‍ പലരും അറിഞ്ഞത്.