കൊച്ചി: കൊച്ചി നഗരത്തിൽ വീണ്ടും കൊലപാതകം. നഗരത്തിലുണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്. കളത്തിപ്പറമ്പ് റോഡിലുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം സംഭവിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം.
രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അരുൺ എന്നയാൾക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റയാൾ ചികിത്സ തേടിയശേഷം ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞതായും റിപ്പോർട്ടിലുണ്ട്.
നാല് ദിവസം മുമ്പ് ടൗൺഹാളിന് സമീപം ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളെ കുത്തിക്കൊന്നിരുന്നു. കൊല്ലം സ്വദേശി എഡിസൺ (40) ആണ് അന്ന് മരിച്ചത്. കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്തിയായിരുന്നു ക്രൂരത.