അമ്പലപ്പുഴ: ബിജുവിന്റെ വീട്ടിലെ ചിന്നുക്കോഴിയാണ് ഇപ്പോള്‍ നാട്ടിലെ താരം. നാലര മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി 24 മുട്ടകളിട്ടാണ് ചിന്നുക്കോഴി താരമായി മാറിയത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചെറുകാട് വീട്ടില്‍ ബിജുവിന്റെ ചിന്നുക്കോഴിയെ കാണാന്‍ ഇപ്പോള്‍ സന്ദര്‍ശകരുടെ തിരക്കാണ്.
സെയില്‍സ്മാനായ ബിജുവും കുടുംബവും വളര്‍ത്തുന്ന 8 മാസം പ്രായമായ 25 കോഴികളില്‍ ഒരാളാണ് ചിന്നു . ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരുന്നു ചിന്നു എന്ന പിടക്കോഴിയുടെ മാരത്തോണ്‍ മുട്ടയിടീല്‍. കോഴി രാവിലെ നടക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ട വീട്ടുകാര്‍ കാലില്‍ തൈലം പുരട്ടി വീടിനു മുന്നില്‍ തറയില്‍ ചാക്കു വിരിച്ച് കിടത്തി.
പിന്നീടാണ് കോഴി തുടര്‍ച്ചയായി മുട്ട ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുട്ടകളുടെ എണ്ണം കൂടിയതോടെ നാട്ടുകാരും വിവരം അറിഞ്ഞു. പിന്നീട് കോഴിയെ കാണാന്‍ സന്ദര്‍ശകരുടെ തിരക്ക് കൂടി.മുട്ടകള്‍ക്കെല്ലാം സാധാരണ വലിപ്പവുമുണ്ട്. 8 മാസം മുമ്പ് മുന്നാക്ക വികസന പദ്ധതി പ്രകാരം ലോണിലൂടെ കിട്ടിയതാണ് 25 കോഴിക്കുഞ്ഞുങ്ങളും കൂടും.
വീട്ടമ്മയായ ഭാര്യ മിനിക്ക് ഒരു വരുമാനമാകട്ടെ എന്നു കരുതിയാണ് കോഴികളെ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ബിജു പറഞ്ഞു. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെങ്കിടേശ്വര ഹാച്ചറിയില്‍ നിന്നുള്ള ബി.വി 380 ഹൈബ്രീഡ് ഇനത്തില്‍പ്പെട്ടതാണ് കോഴികള്‍.